യുവാക്കൾ നാടിന്റെ ഭാവി നേതാക്കൾ ആണ്. നിങ്ങൾ യുവാക്കൾ ഏതൊരു നാടിന്റെയും സ്വത്തുമാണ്. ഒരു നവസമൂഹ സൃഷ്ടിയിൽ പരിവർത്തനാത്മകമായ പൊതുസമൂഹത്തെ രൂപാന്തരപ്പെടുത്തിയെടുക്കുന്നതിൽ മുഖ്യ പങ്കാളികളാകേണ്ടവരാണ് നിങ്ങൾ യുവാക്കൾ. ഏതൊരു സൃഷ്ടിപരമായ പ്രവർത്തനങ്ങളിലും നിങ്ങൾക്കുള്ള പങ്ക് ഒരിക്കലും മാറ്റിനിർത്താൻ കഴിയുന്നതല്ല. നേതൃപരമായും സാമൂഹികപരമായ ഇടപെടലുകളിലും ഒത്തിരി സാധ്യതകൾ ഉള്ള ഒരു വലിയ യുവസമുഹം നമ്മുടെ നാടിന്റെ സമ്പത്താണ്. ഇന്നത്തെ യുവാക്കൾ നാളെയുടെ ഭാവിയാണ്. ഒരു സമൂഹത്തിന്റെ സമഗ്രമായതും അത്യാവശ്യവുമായ ഒരു വിഭാഗമാണ് യുവാക്കൾ. സമൂഹത്തിന്റെ പ്രത്യാശ ശക്തി ഒക്കെ ആ സമൂഹത്തിലെ യുവാക്കളിലാണ് അർപ്പിക്കപ്പെട്ടിട്ടുള്ളത്. സത്യത്തിൽ യുവാക്കൾ നേതാക്കൻമാരുടെ ഭാവി നേതാക്കളായി മാറേണ്ടവരുമാണ്. അതത് സമൂഹത്തിന്റെ മാറ്റത്തിന്റെ പ്രേരകശക്തികളാണ് യുവാക്കൾ. ഒരു നാടിന്റെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ നവോത്ഥാനത്തിൽ ചാലകശക്തിയായി നിൽക്കേണ്ട യുവസമൂഹം ഇപ്പോൾ എവിടെ എന്തിൽ തൽപ്പരരായി നിൽക്കുന്നു എന്നു നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
യുവാക്കൾ നാടിന്റെ ഭാവി നേതാക്കൻമാരാണ് എന്നത് കേവലം ഉത്സുകമായ ചിന്തയോ അനാവശ്യമായ സ്വപ്നം കാണലോ അല്ല. യുവാക്കൾ ക്രിയാത്മകവും അപാരമായ കഴിവുകളുമുള്ള ഒരു സമൂഹം തന്നെയാണ് എന്നതിൽ തർക്കമില്ല യുവത അവരുടെ കഴിവുകളേയും ചിന്തകളേയും ഒരു നാടിന്റെ വികസന സ്വപ്നമാക്കി മാറ്റാൻ കഴിയാതെ പോകുന്നു എന്നതാണോ സത്യം? അതോ യുവതയുടെ ചിന്തകളേയും കഴിവുകളേയും ഒരു നാടിന്റെ വികസന സ്വപ്നമാക്കി മാറ്റാൻ നേത്യത്വത്തിന് കഴിയാതെ പോകുന്നതാണോ സത്യം.
മഹാപ്രളയത്തിൽ യുവതയുടെ അഗ്നി നാം കണ്ടതാണ്. കൃത്യമായി ഇടപെടാൻ അവസരങ്ങൾ ലഭിച്ചാൽ എന്തിനും എവിടെയും ഞങ്ങൾ ഉണ്ട് എന്ന് സധൈര്യം പറയുന്നവരെ ഉപയോഗപ്പെടുത്തുന്നതിൽ നമ്മുടെ അധികാരികൾ പരാജയപ്പെടുന്നു എന്നത് വിസ്മരിക്കാൻ കഴിയുന്ന ഒന്നല്ല. തലകുമ്പിട്ട് ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നവർ അതേ ഫോണിലൂടെ ഒരു നന്മയുടെ ഇടപെടലിന്റെ കൂട്ടായ്മയുടെ ഉദാഹരണങ്ങൾ കാണിച്ചുതന്നു നമുക്ക്. പക്ഷേ ജലം ഇറിങ്ങിയപ്പോൾ ബഹുഭൂരിപക്ഷത്തിന്റെയും മനസ്സിൽ നിന്ന് നന്മയും കൂട്ടായ്മയും നമ്മൾ ഒന്നാണെന്ന ബോധവും പടിയിറങ്ങി എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു സമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ജീവിതത്തിന്, മാറ്റത്തിന് ചാലകശക്തിയായി മാറേണ്ട് യുവാക്കൾ ഇന്ന് ലക്ഷ്യബോധം എവിടെയൊക്കെയോ എപ്പോഴൊക്കെയോ നഷ്ടപ്പെട്ട് അലയുന്ന കാഴ്ച ശോകമാണ്.
ഈ പശ്ചാത്തലത്തിൽ പ്രത്യേകിച്ച് ജനാധിപത്യപരമായ മാനദണ്ഡങ്ങൾക്കും മൂല്യങ്ങൾക്കും അംഗീകാരം നൽകുന്നവരായി യുവാക്കൾ മാറണം. ഒപ്പം വികസനം എന്നത് സ്വയം യാഥാർത്ഥ്യവത്ക്കരണം, ഭാവി നേത്യത്വത്തിന് പുനർനിർണ്ണയം ചെയ്യൽ എന്നിവയ്ക്ക് ഊർജ്ജം നൽകുന്ന തരത്തിൽ മുൻഗണനാടിസ്ഥാനത്തിൽ ബോധപൂർവ്വമായ ഇടപെടലുകൾ യുവാക്കളുടെ പക്ഷത്തു നിന്ന് ഉണ്ടാകേണ്ടതുണ്ട്.
യുവാക്കൾ അവരുടെ വിദ്യാഭ്യാസം, സാമൂഹിക വത്ക്കരണം, രാഷ്ട്രീയ ഇടപെടൽ, സാങ്കേ തിക വിദ്യ, ധനാഗമന മാർഗങ്ങൾ സ്വയം ചിട്ടപ്പെടുത്തിയ ഒരു ജീവിതചര്യ എന്നിവയിലൂടെ ഒരു നാടിന്റെ പുനർനിർമ്മാണ പ്രക്രിയയിൽ സജീവസാന്നിദ്ധ്യങ്ങൾ ആയി മാറേണ്ടിയിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.
ഇന്ന് ഉയർന്നതലത്തിൽ തൊഴിലില്ലായ്മ, ദാരിദ്ര്യം, വീടില്ലാത്തവരുടെ യാതനകൾ, സാംസ്കാരിക അപചയങ്ങൾ, രാഷ്ട്രിയ കുത്തകവത്ക്കരണവും കുടുംബവത്കരണവും, ദേശസ്നേഹത്തിന്റെ അഭാവം, സമൂഹത്തെ മൊത്തത്തിൽ കുത്തകകൾ കൈപ്പിടിയിൽ ഒതുക്കുന്നതിന്റെ സൂചനകൾ ഒക്കെ നമുക്ക് കാണാൻ കഴിയും. കഠിനാധ്വാനത്തിന്റെയും ദേശസ്നേഹത്തിന്റെയും മാതൃകാപരമായ മനസ്സിലാക്കൽ അടിസ്ഥാനമാണ്.
ആദ്യം ഭാവിനേതാക്കൾ ആയി പ്രതീക്ഷിക്കുന്ന യുവാക്കൾ അവരുടെ വിവിധ സാധ്യതകൾ സാക്ഷാത്കരിക്കുന്നതിലൂടെ തന്റെ നേതൃപാടവം ഒരു സമൂഹത്തിന്റെ സമഗ്രമായ വികസനത്തിനായും നവസൃഷ്ടിക്കായും പോകുന്നു എന്ന് മഹത്തായ കാഴ്ചയിലേക്ക് നമ്മുടെ നാട് പോകേണ്ടതുണ്ട്.
പക്ഷെ നമ്മുടെ യുവാക്കൾക്ക് എന്താണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നവസമുഹ സൃഷ്ടിക്ക് ഉതകുന്ന തരത്തിൽ മാറാൻ എന്ത് കൊണ്ട് നിങ്ങൾക്ക് കഴിയുന്നില്ല എന്ന ചോദ്യം പല ഭാഗത്ത് നിന്നും ഉയർന്ന് വരുന്നു. വിഷാദ രോഗികളായി മാറി ആത്മഹത്യ ചെയ്യുന്ന യുവാക്കൾ ഒത്തിരി ആകുന്നു. മയക്കുമരുന്നും മറ്റ് ലഹരി സാധനങ്ങളും ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറുന്നു. ആവശ്യമായ വിദ്യാഭ്യാസം നേടുന്നതിൽ പരാജയപ്പെടുന്നു. വിദേശരാജ്യങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്ന യുവ സമൂഹം, അവിടെയും പ്രതിസന്ധികൾ, ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ ആകെ നിരാശയുടെ വക്കത്തായി. മറ്റൊരിടത്ത് കുട്ടിത്തം വിട്ടുമാറാത്ത തരത്തിൽ ഗയിമുകളിൽ സമയം കൊല്ലുന്ന കുറെപേർ. അവർ ഇപ്പോഴും കുട്ടികളാണ്, മുതിർന്നവരുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകാതെ മൊബൈൽ ഫോണിൽ ഫെയ്സ്ബുക്കും, വാട് സാപ്പും , ഇൻസ്റ്റഗ്രാം തുടങ്ങി വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ ദിവസത്തിന്റെ പൂർത്തീകരണം നടത്തിക്കൊണ്ടിരിക്കുന്നു.
തന്റെ ആഗ്രഹങ്ങളേയും അഭിലാഷങ്ങളേയും മനസ്സിലാക്കുകയും തന്റെ സ്വപ്നങ്ങൾക്ക് ആകാശം നൽകുകയും ചെയ്ത് അത് നേടിയെടുക്കുന്നതിൽ താത്പര്യവും എന്നെ നഷ്ടപ്പെടുന്നു. ഒരു പറ്റം യുവത ഇന്ന് പ്രശ്നങ്ങളുടെയും നിരാശയുടെയും ലോകത്താണ്. സിനിമാ ഫാൻസ് അസോസിയേഷനുകൾക്ക് വേണ്ടി തന്റെ നായകന്റെ പുതിയ സിനിമ റിലീസിന് കാണിക്കുന്ന ആവേശം സ്വന്തം ജീവിതത്തിന്റെ ഉയർച്ചയ്ക്ക് കാണിച്ചിരുന്നുവെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചുപോകുന്നു.
ഒരു നാടിന്റെ, സമൂഹത്തിന്റെ, ദേശത്തിന്റെ, രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നത് യുവാക്കൾ ആണെന്ന കാര്യത്തിൽ തർക്കമില്ല. യുവത കഠിനാധ്വാനികളും വിദ്യാസമ്പന്നരുമാണെങ്കിൽ അവരുടെ നാട് പുരോഗമനത്തിന്റെ പാതയിൽ ബഹുദൂരം മുന്നേറും എന്ന കാര്യത്തിനും തർക്കമുണ്ടാകാൻ സാധ്യതയില്ല. യുവാക്കൾക്ക് കൃത്യമായ ദിശാബോധവും അവരുടെ ഭാവിയിലേക്കുള്ള പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിലും എന്തുകൊണ്ടോ വേണ്ട തീവ്രത കാണിക്കുന്നതായി തോന്നുന്നില്ല.
ഊർജ്ജം, ചലനാത്മകത എന്നിവയാണ് യുവാക്കളുടെ പൊതുസ്വഭാവം. തന്റെ സമൂഹത്തിന്റെ പൈതൃകവും പുരോഗമനവും വളർച്ചയും തളർച്ചയും തങ്ങളിലാണ് എന്ന തിരിച്ചറിവാണ് യുവതയ്ക്ക് വേണ്ടത്. എന്നാൽ ആ യുവത മദ്യത്തിനും മയക്ക് മരുന്നിനും സോഷ്യൽ മീഡിയയിലും മൊബൈൽ ഗെയിമുകളിലും അടിമപ്പെട്ട് വിദ്യഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച് പോയാൽ ആ നാടിന്റെ, സമൂഹ ത്തിന്റെ സ്ഥിതി എന്താകും. അതുകൊണ്ട് തന്നെ, തങ്ങളുടെ ഊർജ്ജം ടാപ്പ് ചെയ്തു ശക്തമായ ദിശ നൽകി മുന്നോട്ട് പോരുക എന്നത് വളരെ പ്രധാനമാണ്. സ്ഥിരോത്സാഹവും ആത്മാർത്ഥതയും കഠിനാദ്ധ്വാനവും കൊണ്ട് ഇന്ന് നമ്മൾ നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യാൻ ഉറപ്പായും നമുക്ക് കഴിയും.
യുവാക്കളേ, നിങ്ങൾ നിങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നമ്മുടെ സമൂഹത്തിന്റെ, ഭാവി രൂപപ്പെടുത്തുന്നതിൽ ആത്മാർത്ഥമായി പ്രവർത്തിക്കുക, ഇടപെടുക. നമ്മുടെ നാട്, സുന്ദരവും ശോഭനവുമാക്കുക. അതിലൂടെ സുന്ദരമായ നവകേരളം പുനർസൃഷ്ടിക്കുക. നിങ്ങളുടെ യുവത്വം പാഴാക്കിക്കളയാതിരിക്കുക. ആത്മാർത്ഥതയും കഠിനാദ്ധ്വാനവും കൊണ്ട് നിങ്ങളുടെ യുവത്വം പരിപോഷിപ്പിക്കുക.
ചെറുപ്പക്കാരെ കുറിച്ച് പറയാതെ എനിക്ക് നമ്മുടെ സമൂഹത്തിന്റെ നാടിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കാനാകില്ല. അവരുടെ പങ്കാളിത്തമില്ലാതെ ഒരു നാടിനും വികസിക്കാനാകില്ല. മുന്നേ സുചിപ്പിച്ചത് പോലെ ഏതൊരു സമൂഹത്തിന്റെയും നട്ടെല്ലാണ് യുവാക്കൾ. അതിനാൽ സമൂഹത്തിന്റെ ഭാവി നിർണ്ണയിക്കുന്നതും ഈ യുവത്വം തന്നെയാണ്. കുട്ടികളിൽ നിന്നും കൗമാരക്കാരിൽ നിന്നും മധ്യവയസ്കരിൽ നിന്നും മുതിർന്ന പൗരൻമാരിൽ നിന്നും ധാരാളം നമ്മൾ യുവാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു.
നിലവിലുള്ള സാമൂഹിക സ്ഥിതി അറിഞ്ഞ് മനസ്സിലാക്കി തന്റെ നൈപുണികൾ ഉപയോഗപ്പെടുത്തി ഒരു നവസമൂഹ സൃഷ്ടിക്ക് നമ്മുടെ യുവത തയ്യാറാകാതെ മാറിനിൽക്കുന്നത് നമ്മളിൽ പലപ്പോഴും നിരാശ ജനിപ്പിക്കുന്നുണ്ട്. നിലവിലുള്ള രാഷ്ട്രീയം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം അതത് സമുദായത്തിന്റെ, സമൂഹത്തിന്റെ സാംസ്കാരിക സംസ്കാരത്തെ സംരക്ഷിച്ചുകൊണ്ടു എല്ലാ മൂല്യങ്ങളും ഉപയോഗപ്പെടുത്തി വികസന പദ്ധതികളിൽ പങ്കാളികളും ആകുക എന്നതാണ് ആദ്യത്തെ ആവശ്യം എന്ന് എനിക്ക് തോന്നുന്നു.
കുട്ടികൾക്കും കൗമാരക്കാർക്കും നല്ല മാതൃകകളായി യുവാക്കൾ മാറേണ്ടതുണ്ട്. അവരെ പ്രോത്സാഹിപ്പിക്കുകയും പൊതുജീവിതത്തിന്റെ എല്ലാവശങ്ങളും പഠിപ്പിക്കേണ്ടതും യുവാക്കൾ ആണെന്നുള്ളതാണ് രണ്ടാമത്തെ വലിയകാര്യം. ആരോഗ്യമുള്ളവരും നവവത്ക്കരണ പ്രക്രിയയിൽ പങ്കാളികളാകുന്ന യുവത്വം എവിടെയും കൗമാരക്കാർക്കും കുട്ടികൾക്കും മാതൃക തന്നെയായിരിക്കും.
യുവാക്കൾ പുത്തൻ സാങ്കേതിക വിദ്യകളിൽ നൈപുണ്യമുള്ളവരായി, വിദ്യാഭ്യാസ കാര്യത്തിൽ ഉന്നതസ്ഥാനങ്ങളിൽ എത്തുകയും ചെയ്യുമ്പോൾ വ്യാവസായികവും, സാമ്പത്തികപരവും വിജ്ഞാന പരവുമായ വളർച്ചക്ക് അത് കാരണമാകും. ഏതു സമുഹവും വികസിക്കണമെങ്കിൽ അത് വിദ്യാസമ്പനരും, അറിവും, ഉത്തരവാദിത്വവുമുള്ള യുവനേതാക്കളിലുടെയാണ് സാധ്യമാവുക എന്ന് കരുതുന്നു.
സമൂഹത്തിന്റെ വികസന കാഴ്ച്ചപ്പാട് നവീകരിക്കാൻ പുത്തൻ ചിന്തകളുള്ള, ആർജ്ജവവും, ഊർജസ്വലരുമായ യുവാക്കൾക്കായിരിക്കും അധികം കഴിയുക. വികസനം, ലിംഗസമത്വം, വിഭവങ്ങളുടെ തുല്യമായ വിഹിതം വയ്ക്കൽ പുനർനിർമ്മാണ പ്രക്രിയകൾ തുടങ്ങി എല്ലാ മേഖലകളിലും ഇടപെടണം. അഴിമതി, സ്വാർത്ഥത, അത്യാഗ്രഹം ഇവയിൽപ്പെടാത്ത ഒരു നവദർശനമുള്ള നേത്യത്വമായി മാറാൻ കഴിവുള്ള യുവത അലസത വിട്ടൊഴിഞ്ഞ് ചടുലമായ ശരീരഭാഷയിൽ സമൂഹത്തിന്റെ നവവത്കരണ പ്രക്രിയയിൽ പങ്കാളികളാകണം.
കുറച്ച് നാൾ കഴിഞ്ഞാൽ യുവാക്കൾ അടുത്ത തലമുറയുടെ മാതാപിതാക്കൾ ആണ്. തന്റെ മാതാപിതാക്കൾ ചെയ്തത് പോലെ അവരും തന്റെ കുടുംബത്തെ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്. അവർ തന്നെയായിരിക്കും സ്വന്തം സമൂഹത്തിന്റെ വികസനത്തിനും നില നിൽപ്പിനും പാത്രീഭൂതർ ആകേണ്ടത്.
ഒരു സ്വർണ്ണത്തളികയിൽ ഒന്നും വരില്ല. യുവാക്കൾ തങ്ങളുടെ പങ്ക് നിർവ്വഹിച്ചില്ലെങ്കിൽ നമ്മുടെ നാട്, സമുഹം ഒരിക്കലും വികസന പ്രക്രിയയിൽ മുന്നോട്ട് പോകില്ല. വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനപ്പെട്ടത്. കഴിവുകൾ, പുതിയ കണ്ടുപിടിത്തങ്ങൾ, പുത്തൻ അറിവുകൾ നേടുന്നതിൽ ഉത്സുകരാകണം. വിദ്യഭ്യാസമില്ലാത്ത സമൂഹം ഇരുണ്ട ലോകത്തായിരിക്കും. കാരണം വിജയത്തിനും വികസനത്തിനുമുള്ള താക്കോൽ ആണ് വിദ്യാഭ്യാസം.
നമ്മുടെ സമൂഹത്തിന്റെ ഭാവിയിലെ പ്രധാനഭാഗം യുവാക്കൾ തന്നെയാണ് വഹിക്കുന്നത്. അതുകൊണ്ട് നവകേരള സൃഷ്ടിയിൽ, നവസമൂഹസൃഷ്ടി നമ്മൾ യുവാക്കളിലാണ് എന്നത് നമ്മുടെ സമൂഹത്തിന്റെ ഭാവിയുടെ താക്കോൽ നിങ്ങളുടെ കൈകകളിലുമാണ് എന്ന് തിരിച്ചറിവുണ്ടാകണം. അലസതയിൽ നിന്നും ഉണർന്ന്, അറിഞ്ഞും അറിയാതെയും പെട്ടുപോയവർ ലഹരിക്കൂട്ടങ്ങളിൽ നിന്നും മുക്തരായി ജീവിതത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ്ന വസമൂഹ സൃഷ്ടിയിൽ നിങ്ങളും ഒരാളാണ് എന്ന് അറിഞ്ഞ് ഇനിയും വൈകാതെ ഇടപെടുക. ഇറങ്ങുക… നല്ലൊരു കേരളത്തിനായി നമുക്ക് കൈകോർക്കാം.
Sujith Edwin Periera
Director, NaITER