ഓരോ വ്യക്തികളും ചുറ്റുപാടുകളെ വ്യത്യസ്ത തരത്തിലാണ് നേരിടുകയും ജീവിക്കുകയും ചെയ്യുന്നത്. എന്നാൽ ചിലപ്പോഴൊക്കെ അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കൊണ്ടോ, വ്യക്തിപരമായ സ്വഭാവങ്ങൾ കൊണ്ടോ അവർക്കുനേരെ വരുന്ന പ്രതിസന്ധികൾ വേണ്ടതുപോലെ നേരിടാൻ കഴിഞ്ഞെന്നുവരില്ല. ഇവിടെയാണ് കൗൺസിലറുടെ പ്രാധാന്യം അല്ലെങ്കിൽ ആവശ്യം. വേഗതയേറിയ ഇന്നത്തെ ജീവിത ചുറ്റുപാടുകളിൽ ദിവസേന നേരിടുന്ന മാനസിക സമ്മർദ്ദം, ജോലിഭാരം, പരാജയഭീതി, തെറ്റായ ചിന്തകൾ എന്നിവയിൽനിന്ന് ഒരു പരിധിവരെ മോചനത്തിനായി കൗൺസിലിംഗ് അനിവാര്യമായി മാറിയിരിക്കുകയാണ്.
ഈ വിഷയത്തിൽ 2010-20 കാലയളവിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ നിന്ന് തന്നെ കൗൺസിലിംഗ് എത്ര പ്രാധാന്യമർഹിക്കുന്നു എന്ന് മനസ്സിലാക്കാം. ഇന്ത്യയിൽ ഇന്ന് കൗൺസിലിംഗ് വിദഗ്ധരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല എങ്കിലും ആരോഗ്യസുരക്ഷ, ദാമ്പത്യം, കുടുംബം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കൗൺസിലിംഗ് വിദഗ്ധരുടെ ആവശ്യം കൂടിവരികയാണ്. മാനസികാരോഗ്യവുമായി ഇന്നും ഒരുപാട് അഭ്യൂഹങ്ങൾ നിറഞ്ഞുനിൽക്കുന്നു. രാജ്യത്ത് മാനസികാരോഗ്യ വിദഗ്ധരെ കൃത്യമായി കണ്ട് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. എങ്കിലും അത്തരം വ്യക്തികളുടെ അഭിപ്രായം
ആവശ്യമായിട്ടും അത് സ്വീകരിക്കാതെ കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് കാര്യങ്ങളെ കൊണ്ട് പോകുന്നവരുടെ എണ്ണം അതിനേക്കാൾ എത്രയോ വലുതാണ്. സമൂഹത്തിലെ ഏന്തെങ്കിലും ഒരു വിഭാഗത്തിന് മാത്രം ഉണ്ടാകുന്ന ഒന്നല്ല മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നും അത് ആർക്കുവേണമെങ്കിലും
വന്നേക്കാമെന്നും നാം അറിഞ്ഞിരിക്കണം. ഇനി മുന്നോട്ടു പോകാൻ കഴിയില്ല എന്ന ചിന്ത നമ്മളിൽ ഉണ്ടാക്കുന്ന പലതരത്തിലുള്ള സാഹചര്യത്തിലൂടെ നാമെല്ലാവരും എപ്പോഴെങ്കിലുമൊക്കെ കടന്നുപോയിട്ടുണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ ചിലർ സ്വയം തന്നെ അതിനെ നേരിടാൻ പര്യാപ്തമായിരിക്കും അല്ലെങ്കിൽ പ്രാപ്തരായിരിക്കും. എന്നാൽ ചിലർക്ക് സഹായം അനിവാര്യം ആയിരിക്കും.
പ്രശ്നത്തിന് അപ്പുറം അതിനുള്ള പരിഹാര ത്തിലേക്ക് ഒരുതരത്തിലും എത്തിച്ചേരാൻ കഴിയാത്ത ചിലർ ഉണ്ടാകും. അത്തരക്കാരെ മാനസികാരോഗ്യ വിദഗ്ധർക്ക് സഹായിക്കാൻ കഴിഞ്ഞുവെന്ന് വരും. ഈ സേവനം സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഉള്ളതല്ല. സമൂഹത്തിലെ ഏതൊരു വ്യക്തിക്കും ഇത്തരത്തിൽ അവരുടെ പ്രശ്നങ്ങളെ തുറന്നു പറയുവാനും പരിഹാരങ്ങളിലേക്ക് എത്തിച്ചേരുവാനും അവസരമുണ്ട്. നിത്യജീവിതത്തിൽ നമ്മളിൽ പലരും ഒരു മാനസികാരോഗ്യ വിദഗ്ധൻറെ വേഷം അണിഞ്ഞിട്ടുണ്ടാകും. നമ്മുടെ കുടുംബാംഗത്തിനോ, സുഹൃത്തിനോ, കൂടെ ജോലി ചെയ്യുന്നവർക്കോ ഒക്കെ ഇത്തരം സന്ദർഭങ്ങളിൽ കൈത്താങ്ങായി മാറുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടാകും. എന്നാൽ പ്രൊഫഷണൽ കൗൺസിലിംഗ് ഇതിൽ നിന്നും വ്യത്യസ്തമാണ്. മനശാസ്ത്ര സിദ്ധാന്തങ്ങളെ കുറിച്ചും അതിനു സഹായിക്കുന്ന ടെക്നിക്കുകളെ കുറിച്ചും ഉള്ള അറിവും അവബോധവും അതിനോടൊപ്പം നിത്യജീവിതത്തിൽ അവയുടെ ഉപയോഗത്തെക്കുറിച്ചുള്ള അറിവും അതിനുള്ള കഴിവും അനിവാര്യമാണ്. തന്നെ കാണാൻ വരുന്ന വ്യക്തിയെ കൈകാര്യം ചെയ്യുന്നതിന് കൗൺസിലർക്ക് ചില രീതികളും നിബന്ധനകളുമുണ്ട്. തന്നെ ഒരു പ്രശ്നവുമായി കാണാൻ വരുന്ന വ്യക്തിക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകി പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ഒപ്പം നിന്ന് സഹായിക്കുക എന്നതാണ് ഒരു കൗൺസിലറുടെ കർത്തവ്യം.
വ്യക്തികൾ കൗൺസിലർ കാണാനായി വരുന്നത് അല്ലെങ്കിൽ അവരെ മറ്റുള്ളവർ പറഞ്ഞയക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാലാണ്. ഒന്ന്, ഏതെങ്കിലും ഒരു സാഹചര്യത്തിൽ നിന്നോ പ്രശ്നത്തിൽ നിന്നോ പുറത്തുചാടുന്നതിനോ പരിഹാരം കാണുന്നതിനോ അവർ സ്വയം തയ്യാറായി വരുന്നു. രണ്ട്, സ്വഭാവത്തിലോ പെരുമാറ്റത്തിലോ മാറ്റം വരുത്തുന്നതിനായി മറ്റുള്ളവർ ഒരു വ്യക്തിയെ കൗൺസിലറുടെ അടുത്തേക്ക് അയക്കുന്നു.
കൗൺസിലിംഗ് അല്ലെങ്കിൽ മാനസികാരോഗ്യ സേവനമെന്നത് ഒരു മാന്ത്രികവിദ്യയല്ല. അതിനാൽ തന്നെ അത് വേഗത്തിൽ നടക്കണം എന്ന പിടിവാശി പിടിക്കാൻ നമുക്ക് കഴിയില്ല. വൈജ്ഞാനികവും പെരുമാറ്റ പരവുമായ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കുകയാണ് കൗൺസിലറുടെ പ്രധാന ധർമ്മം. മാറ്റം അനിവാര്യമാണ് എങ്കിൽകൂടി അത് നിർബന്ധിച്ചു ഒരാളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. കൂടുതൽ സന്തോഷകരവും ഉല്പാദനക്ഷമവുമായ ജീവിതം നയിക്കുവാൻ ചിന്തയിലും വികാരങ്ങളിലും സ്വഭാവത്തിലും മാറ്റം കൊണ്ടുവന്നാൽ കഴിയുമെന്ന് ഒട്ടുമിക്ക മനശാസ്ത്രജ്ഞരും വിശ്വസിക്കുന്നു.
മാനസിക വിദഗ്ധൻ അല്ലെങ്കിൽ കൗൺസിലർ കക്ഷിയുമായി ചേർന്ന് തയ്യാറാക്കുന്ന ചെറിയ ചെറിയ നാഴികക്കല്ലുകളിലൂടെ കടന്നു പോകുന്നതിലൂടെ ആ മാറ്റം ബുദ്ധിമുട്ടുകൾ ഇല്ലാതെ പൂർത്തിയാക്കാൻ കഴിയും. എന്നാൽ എല്ലായിപ്പോഴും മാറ്റം അനിവാര്യമാണ് എന്നില്ല. പലർക്കും ഈ മാറ്റം ബുദ്ധിമുട്ടായി തോന്നുന്നത് മാറ്റത്തിലേക്ക് എങ്ങനെ എത്തിച്ചേരണമെന്ന് അറിയാത്തത് കൊണ്ടോ ആ മാറ്റത്തിന് എടുക്കുന്ന നീണ്ട സമയം കൊണ്ടോ ഒക്കെയാണ്. നാമെല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം കൗൺസിലിംഗ് എന്നത് ഭ്രാന്തിന്റെയോ മാനസിക വൈകല്യങ്ങളുടെയോ ചികിത്സയല്ല എന്നതാണ്. സാധാരണക്കാർക്കും ഈ സേവനം ഉപയോഗിക്കാം. അങ്ങനെ ഉപയോഗിക്കുന്നതിൽ യാതൊരു അസാധാരണത്വവും ഇല്ലതാനും.
ആർക്കറിയാം നിങ്ങൾ ഒരുനാൾ പേടിക്കുന്നത് പോലെ തികച്ചും അപരിചിതനായ കൗൺസിലർ ഒരുപക്ഷേ നിങ്ങൾക്ക് ആത്മവിശ്വാസവും ധൈര്യവും തന്ന് നിങ്ങളെ ജീവിതത്തിലേക്ക് തിരികെ വരാൻ സഹായിച്ച വ്യക്തിയായി മാറില്ല എന്ന്…
Vishnu Prasad M V (Prasad Vattapparamb)
Psychological Counsellor and Socializer, NaITER