ചില സിനിമകളിൽ നായകനെക്കാൾ വളരെ ശക്തരായ വില്ലന്മാരെ നാം കാണാറുണ്ട്. നായകൻ എങ്ങനെ അത്ര ശക്തനായ വില്ലനെ തോൽപ്പിക്കുന്നു എന്ന് കാണാൻ ആവേശത്തോടെ ചില സിനിമകൾ ആവേശത്തോടെ കണ്ടിരിക്കാറുണ്ട്. അത്തരത്തിലൊരു സാഹചര്യത്തിലാണ് ലോകമിന്ന്. നമ്മൾ ആരും തന്നെ ചിന്തിക്കാത്ത തരത്തിൽ ലോകം മാറിക്കഴിഞ്ഞു. ലോകം നിശബ്ദമായി ജീവൻറെ വിലയുള്ള ജാഗ്രതയോടെ മഹാമാരിക്കെതിരെ പോരാടുകയാണ്. ജീവൻ, ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി എല്ലാ മേഖലയേയും അതു താറുമാറാക്കി കഴിഞ്ഞു.
കോവിഡ് കാരണം ഉണ്ടായ ലോക്ക് ഡൗൺ പ്രക്രിയയിൽ പെട്ട് ജോലി നഷ്ടമായവരും, ശമ്പളം വെട്ടിച്ചുരുക്കപ്പെട്ടവരും, പ്രതീക്ഷയോടെ കണ്ടിരുന്ന സംരംഭം ഉപേക്ഷിക്കേണ്ടിയോ, നിർത്തിവെക്കുകയോ ചെയ്യേണ്ടി വന്നവർ അങ്ങനെ ഒട്ടനവധിയാണ്. സ്കൂളുകളും ഓഫീസുകളും വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ മക്കളും രക്ഷിതാക്കളും ഒരേ സമയം ഒരേ മൊബൈലും ഇൻറർനെറ്റ് സേവനങ്ങളും മാറിമാറി ഉപയോഗിക്കേണ്ട സാഹചര്യത്തിലാണ്. ഇന്ന് ഒട്ടുമിക്ക കുടുംബവും സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വഴി മാറി എന്നത് വാസ്തവമാണ്. കുടുംബത്തിൻറെ വരവ് ചിലവ് കണക്കുകൾ കൂട്ടി മുട്ടിക്കാൻ പെടാപ്പാട് പെട്ടിരിക്കുന്നവർക്ക് ഈ മാറ്റം കൂടുതൽ പ്രതിസന്ധിയായിമാറി.
സന്തോഷമില്ലാത്ത, സംതൃപ്തി ഇല്ലാത്ത നാളുകൾ അവ നമുക്ക് സമ്മാനിക്കുന്നുണ്ട്. അത്തരം സാഹചര്യത്തിൽ മുന്നോട്ടുപോകാൻ പലരും നിർബന്ധിക്കപ്പെടുന്നു. സാമ്പത്തിക രംഗം മാത്രമല്ല, രാജ്യത്തിൻറെ പല മേഖലകളിലുള്ള വളർച്ചയെ ഇത് ബാധിച്ചു കഴിഞ്ഞു. ജീവിതത്തിൽ നാം ഓരോരുത്തർക്കും അനിവാര്യമായ സാമ്പത്തിക രംഗം മുതൽ വിദ്യാഭ്യാസം, സാമൂഹിക-മാനസിക തലം വരെ പതിയെപ്പതിയെ മുങ്ങി കൊണ്ടിരിക്കുകയാണ്.
മരണഭീതി, ഉറ്റവരെ നഷ്ടപ്പെടുമോ എന്ന പേടി, ഭാവിയെക്കുറിച്ചുള്ള വേവലാതി ഇതെല്ലാം ഓരോ മനുഷ്യനെയും മാനസികാരോഗ്യ നില വഷളാക്കി കൊണ്ടിരിക്കുകയാണ്. വൈറസിന്റെ വ്യാപനം കൂടുന്തോറും ഓരോ മേഖലയിലും പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ പ്രശ്നങ്ങൾ കൂടി വരുമെന്നതിൽ സംശയമില്ല. വിദ്യാഭ്യാസത്തിൻറെ മൂല്യം ഈ കോവിഡ് കാലത്ത് കുറഞ്ഞു തന്നെയാണ് പോകുന്നത്. എല്ലാവർക്കും ഒരുപോലെ ഇൻറർനെറ്റ് ലഭ്യമല്ലാത്തത്, എല്ലാവരിലേക്കും ഡിജിറ്റൽ വൽക്കരണം എത്താത്തതും മൂല്യച്യുതിയുടെ കാരണമായി മാറി. കോവിഡ് കാലം കുട്ടികളിൽ ഉണ്ടാക്കിയ മാനസിക സമ്മർദ്ദങ്ങളെ പരിഹരിക്കാതെ പഠനത്തിൽ മാത്രം ശ്രദ്ധ ചെലുത്തുന്നത് നല്ല രീതിയായി കാണാൻ കഴിയില്ല.
ആഗോളതലത്തിൽ ഇത്തരത്തിൽ മഹാമാരികൾ ഉണ്ടാകുമ്പോൾ അത് മാനസിക ആരോഗ്യത്തെ ബാധിക്കുകയും പലപ്പോഴും അത് കൈ വിട്ടുപോവുകയും ചെയ്യാറുണ്ട്. ലോകത്തിൻറെ ജീവിതമൂല്യം വർദ്ധിപ്പിക്കാനും ഗുണമേന്മ ഉറപ്പു വരുത്താനും മാനസികാരോഗ്യം പ്രധാനഘടകമാണ്.
ഓരോ രാജ്യത്തിനും പൗരന്മാർ വളരെ പ്രധാനപ്പെട്ടതാണ്. മാനസിക ആരോഗ്യത്തോടെയും ക്ഷേമത്തോടെയും ഉള്ള പൗരന്മാർ ഇല്ലാതെ രാജ്യങ്ങൾക്ക് മുന്നോട്ടുള്ള യാത്ര സുഖകരമായിരിക്കില്ല. ഒരു വ്യക്തിയുടെ ഷേമം എന്നാൽ ആരോഗ്യവാൻ ആയും സന്തോഷവാൻ ആയും സംതൃപ്തൻ ആയും നിൽക്കുന്ന ജീവിതത്തിന് ഉടമ ആകണം. സന്തോഷവാൻ അല്ലാത്ത ഒരു പൗരനും ഒരിക്കലും ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിയില്ല. അപ്പോൾ എങ്ങനെയാണ് ഈ മഹാമാരിയെ നേരിടാൻ കഴിയുക ?? ഭാവിയെക്കുറിച്ചുള്ള വേവലാതിയും, ജീവിത സ്രോതസുകളെ പറ്റിയുള്ള അമിത ചിന്തയും ഒരാളുടെ ക്ഷേമത്തിന് ഒരിക്കലും സഹായകമാകുകയില്ല.
ഇത്തരം ഒരു ചുറ്റുപാടിൽ എത്തിച്ചേരും എന്ന് നാം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സ്കൂൾ മുറികളിൽ നിന്നും കമ്പ്യൂട്ടറിൻറെയും മൊബൈലിന്റെയും ലോകത്തേക്ക് ഒതുങ്ങിയ ഓൺലൈൻ പഠനത്തിലേക്കുള്ള മാറ്റത്തിന് ഒരുപാട് ഒരുക്കങ്ങൾ വേണ്ടിവന്നു. പല സ്കൂളുകൾക്കും അത്തരത്തിൽ ഓഫ് ലൈനിൽ നിന്നും ഓൺലൈനിലേക്ക് പെട്ടെന്ന് തന്നെ മാറുവാൻ കഴിഞ്ഞുവെങ്കിലും അവ വേണ്ടത്ര പഠനത്തോടെയും തിരിച്ചറിവുകൂടിയും ആയിരുന്നോ എന്നത് നാം ചിന്തിക്കണം. ഓൺലൈൻ രീതിയിലേക്ക് കടന്നപ്പോൾ സ്ക്രീൻ ടൈം വർദ്ധിക്കുകയും അതേപോലെതന്നെ ഹോംവർക്കുകൾ വർദ്ധിക്കുകയും ചെയ്തു. ഇത് കുട്ടികളുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ വല്ലാത്ത ഭാരം ആണ് അവർക്ക് നൽകുന്നത്. ഈ അടുത്തു നടന്ന പഠനങ്ങളിൽ ഒന്ന് സൂചിപ്പിക്കുന്നത് കുട്ടികളിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടായി എന്നാണ്. ആരോഗ്യനില, ക്ഷേമം, ഉറക്കത്തിന്റെ അളവ് എന്നിവ കുറയുന്ന അവസ്ഥ ഉണ്ടായപ്പോൾ പരിഭ്രമം, ഏകാന്തത, വിഭ്രാന്തി, പേടി എന്നിവ കുട്ടികളിൽ കൂടുന്നതായി കണ്ടു.
ഓഫ് ലൈനിൽ നിന്നും ഓൺലൈനിലേക്ക് പോകുന്നതുകൊണ്ട് ആണ് ഇത്തരം ബുദ്ധിമുട്ടുകൾ പൂർണമായും ഉണ്ടായത് എന്ന് പറയുവാൻ കഴിയില്ല. അധ്യായന വർഷത്തെ സിലബസ് തീർക്കുക എന്നതിൽ ശ്രദ്ധ ചെലുത്താതെ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ക്ഷേമം വർധിപ്പിക്കുന്നതിനും ഈ മഹാമാരിയെ ചെറുക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും കൂടി പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണ്.
സാഹചര്യം ആവശ്യപ്പെടുന്ന തരത്തിൽ ഓൺലൈൻ ക്ലാസ്സുകളെ ക്രമീകരിക്കാനും ചിട്ടപ്പെടുത്താനും കഴിയണം. അമിതമായി ഫീസ് ഈടാക്കുന്നത് കൊണ്ടോ നിത്യജീവിതത്തിൽ നടത്തിയിരുന്ന പ്രവർത്തനങ്ങൾ ഓൺലൈനായി നിർബന്ധപൂർവ്വം നടത്തിയത് കൊണ്ടോ ഒന്നും പഠനം രസകരമായി മാറില്ല. ഓൺലൈൻ പഠന രീതിയിലേക്ക് സാഹചര്യം മാറുമ്പോൾ അധ്യാപകർ ഉപയോഗിക്കുന്ന രീതികളിലും മാറ്റം വരണം. പഴയ രീതിയിൽ ഓൺലൈനായി പഠിപ്പിക്കുക എന്നത് എല്ലാ ഇപ്പോഴും നന്നായി പോകണമെന്നില്ല. പരസ്പരമുള്ള സ്നേഹവും അനുകമ്പയും കരുതലും ഒക്കെ വളരെയധികം ഉണ്ടാകേണ്ട സാഹചര്യത്തിലൂടെ ആണ് നാം കടന്നു പോകുന്നത്. ഇത് ഒരു വ്യക്തിക്ക് മാത്രം നേരിടേണ്ടി വരുന്ന അവസ്ഥ അല്ല എന്നും ലോകം മുഴുവൻ ഒറ്റക്കെട്ടായി നേരിടുകയാണ് എന്നുമുള്ള ചിന്തയിൽ കുട്ടികളുടെ മാനസിക ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുന്ന തരത്തിൽ പഠനം മാറിയില്ലെങ്കിൽ കുട്ടികളെ വല്ലാത്ത രീതിയിൽ അത് മാറ്റിമറിക്കും എന്നത് പഠനങ്ങൾ പറയുന്നു.
അധ്യാപകരോടൊപ്പം ഈ അവസ്ഥയിൽ മാറ്റം വരുത്താൻ രക്ഷിതാക്കളും നിൽക്കേണ്ടതാണ്. കുട്ടികൾ ഇപ്പോൾ മുഴുവൻ സമയവും വീട്ടിനുള്ളിൽ ചിലവഴിക്കുന്നു എന്നതിനാൽ രക്ഷിതാക്കൾക്ക് ഒരു വലിയ മാറ്റം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ കഴിയും. സ്കൂൾ വിദ്യാഭ്യാസം കുട്ടികളിൽ ഉണ്ടാക്കി എടുക്കാത്ത അല്ലെങ്കിൽ നാം ശ്രദ്ധിക്കാത്ത കുറേ കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കാനുള്ള അവസരമായി ഇത് മാറ്റണം. ലിംഗ വ്യത്യാസമില്ലാതെ ആൺകുട്ടികളെയും പെൺകുട്ടികളെയും ജീവിക്കാൻ പഠിപ്പിക്കാം. പാചകം ചെയ്യാൻ, തുണി കഴുകി ഇടാൻ, നിലം തുടയ്ക്കാൻ, സാധനങ്ങൾ അടുക്കി വെക്കാൻ, വീടിനുചുറ്റും വൃത്തിയാക്കാൻ, തൊട്ടടുത്ത കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ, അങ്ങനെ ഒരുപാട് കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ രക്ഷിതാക്കൾ ഈ സമയം ഉപയോഗിക്കണം.
സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുവാൻ പ്രാപ്തരായ വ്യക്തികളായി നിങ്ങളുടെ കുട്ടികളെ മാറ്റിയെടുക്കാൻ ഈ അവസരം ഉപയോഗിക്കുക എന്നതാണ് ഈ മഹാമാരിയിലും അവർക്കുവേണ്ടി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന മഹത്തരമായ കാര്യം. ഒപ്പം അവരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ അധ്യാപകരുടെ ഭാഗത്ത് നിന്ന് കൂടി ഉണ്ടായാൽ അവർ മിടുക്കരായി വളരും.
Prasad Vattapparamb
Psychological Counsellor and People Facilitator, NaITER